Friday, June 7, 2013

'5 ബ്രോക്കണ്‍ ക്യാമറാസ്' ഉദ്ഘാടന ചിത്രം

സംഘര്‍ഷ ഭൂമിയില്‍ വെടിവെച്ചും തല്ലിയും തകര്‍ക്കപ്പെട്ട അഞ്ചുക്യാമറകള്‍ ഓര്‍ത്തുവച്ച സത്യങ്ങള്‍ ചരിത്രത്തിന്റെ പച്ചയായ ഈടുവയ്പ്പുകളായി മാറിയ വിസ്മയകരമായ അനുഭവം പകര്‍ന്ന് 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ്' ആറാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമാകും. പാലസ്തീനില്‍നിന്ന് ആദ്യമായി ഓസ്‌കാര്‍ പുരസ്‌കാരത്തിന് ശുപാര്‍ശചെയ്യപ്പെട്ട ഈ ചിത്രം എബാദ് ബര്‍ണത് എന്ന കര്‍ഷകന്‍ പകര്‍ത്തിയ സ്വന്തം ജീവിതാനുഭവങ്ങളാണ്.
മകന്റെ ബാല്യകാലം ചിത്രീകരിക്കാന്‍ വാങ്ങിയ ക്യാമറയില്‍ പക്ഷെ എബാദിന് പകര്‍ത്തേണ്ടിവന്നത് ഇസ്രായേല്‍ കുടിയേറ്റങ്ങളാല്‍ ചുറ്റപ്പെട്ട അതിര്‍ത്തി ഗ്രാമമായ ബിലിനില്‍ പാലസ്തീന്‍ ജനതയ്ക്കുനേരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങളാണ്. ജീവന്‍ പണയപ്പെടുത്തിയാണ് എബാദ് അവ പകര്‍ത്തിയത്. 
കുഞ്ഞുങ്ങളെ പാതിരാറെയ്ഡുകള്‍ നടത്തി പിടികൂടുന്നതും തന്നെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്യുന്നതും വെടിവെയ്ക്കുന്നതും ചിലര്‍ മരിക്കുന്നതുമൊക്കെ ഈ ക്യാമറകളിലൂടെ കണ്ട് ലോകം നടുങ്ങി. ഇതാണ് ഗൈ ദാവിദി എന്ന ഇസ്രയേലി സംവിധായകനെ ഇങ്ങനെയൊരു ചിത്രത്തിലേക്ക് നയിക്കുന്നത്.
പട്ടാളം പലപ്പോഴായി തകര്‍ത്ത അഞ്ച് ക്യാമറകളുടെ അവശിഷ്ടങ്ങള്‍ നിരത്തിവെച്ച് ആറാമതൊരു ക്യാമറയിലൂടെ അധിനിവേശത്തിന്റെ ക്രൗര്യങ്ങളിലേക്കും ഇരകളുടെ നിസ്സഹായതയിലേക്കും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ദാവീദിയുടെ വികാരതീവ്രമായ വിവരണ പാടവം 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസി'നെ അവിസ്മരണീയമാക്കുന്നു. ദവീദിയും വെറോണിക് ലഗോഡ്‌സേയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം 94 മിനിറ്റാണ്.

No comments:

Post a Comment