Thursday, June 6, 2013

രാജ്യാന്തര ഡോക്യുമെന്ററി മേളയ്ക്ക് നാളെ (ജൂണ്‍ 7) തുടക്കം




         ആറാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ ഏഴിന് വൈകുന്നേരം ഏഴിന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേളയ്ക്ക് തിരിതെളിക്കും. കെനിയന്‍ സംവിധായകനും ഗ്രീന്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മൈക് പാണ്ഡേ മുഖ്യാതിഥിയായിരിക്കും. പലസ്തീന്‍ സംവിധായകന്‍ എമാദ് ബര്‍നാത്തും ഇസ്രായേല്‍ സംവിധായകന്‍ ഗേയ് ദാവീദിയും ചേര്‍ന്നൊരുക്കിയ 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ്' ആണ് ഉദ്ഘാടന ചിത്രം.
വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് മേള. വിവിധ വിഭാഗങ്ങളിലായി വിദേശത്ത് നിന്നുള്‍പ്പെടെ 200 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മത്സര-മത്സരേതര വിഭാഗങ്ങള്‍ക്ക് പുറമെ വിദേശ ഡോക്യുമെന്ററികളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും പ്രത്യേക വിഭാഗങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡോക്യമെന്ററി ചലച്ചിത്രശാഖയുടെ വികാസ പരിണാമങ്ങളിലേക്ക് വെളിച്ചം വീശിന്ന ചരിത്ര സിനിമകളുടെ പ്രദര്‍ശനം കാണികള്‍ക്ക് വിലപ്പെട്ട ദൃശ്യാനുഭവമായി മാറും.
അനിമേഷന്‍, മ്യൂസിക് വീഡിയോ, ഷോട്ട് ഫിക്ഷന്‍, ലോംഗ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ക്യാമ്പസ് ഫിലിം എന്നിവയാണ് മത്സരവിഭാഗങ്ങള്‍. ആകെ 66 ചിത്രങ്ങളാണ് ഈ വിഭാഗങ്ങളിലുള്ളത്. അനിമേഷന്‍ വിഭാഗത്തില്‍ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ക്യാമ്പസ് ചിത്രങ്ങള്‍ ഈ മേളയുടെ സവിശേഷതയാണ്. 'എവേക് ഇന്‍ യുവര്‍ ഡ്രീംസ്', 'ഹൂ ആം ഐ?', 'റിഡിക്യുലസ്', 'ലൈഫ് സെന്റന്‍സ്', 'സി ഇ റ്റി ലൈഫ്' എന്നീ അഞ്ച് ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നു. മ്യൂസിക് വീഡിയോ വിഭാഗത്തില്‍ സത്യന്‍ ഒഡേസയുടെ 'ബലിക്കുറിപ്പ്', രവിശങ്കറിന്റെ 'കില്‍ ദ റേപ്', സന്ധ്യ ഡേയ്‌സി സുന്ദരത്തിന്റെ 'ദ ഡ്രൗണിംഗ് സോംഗ്, തഥാഗത ഘോഷിന്റെ 'ആശായേ', അനന്യ കാസറവള്ളിയുടെ 'സഞ്ചാരി' ഉള്‍പ്പെടെ ഒന്‍പത് ചിത്രങ്ങളുണ്ട്.
നാല്‍പത് മിനിട്ടിന് മുകളില്‍ ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ് ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലുള്ളത്. മേളയിലെ പ്രധാന ആകര്‍ഷണമാണ് ഈ വിഭാഗം. സന്തോഷ് ശിവന്റെ 'ഒരു കുട്ടനാടന്‍ കര്‍ഷകന്‍', സുനന്ദ ബട്ടിന്റെ 'നിങ്ങള്‍ അരണയെ കണ്ടോ', രുദ്രദീപ് ബട്ടാചാര്‍ജിയുടെ 'ദ ഹ്യൂമണ്‍ ഫാക്ടര്‍', ഇയാന്‍ മക്‌ഡൊണാള്‍ഡിന്റെ 'അല്‍ഗോരിതംസ്' എന്നിവ ഉള്‍പ്പെടുന്നു. എം വേണുകുമാറിന്റെ 'നെന്മാണിക്യം,' പല്ലവി വേണുഗോപാലിന്റെ 'ദൈവത്തിന്റെ വഴി', പീയുഷ് പാ്െണ്ഡയുടെ 'ദ മാന്‍ ഹു പ്ലാന്റഡ് ജംഗിള്‍സ്, സുധി നാരായണന്റെ '56608', ആകാശ് അരുണിന്റെ 'ഇന്‍ സേര്‍ച്ച് ഓഫ് ഡെസ്റ്റിനി' എന്നിവയടക്കം 22 ചിത്രങ്ങള്‍ ഹ്രസ്വ ഫിക്ഷന്‍ വിഭാഗത്തിലുണ്ട്. ഹ്രസ്വ ഫിക്ഷന്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്ക് പന്ത്രണ്ട് ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ടി ആരോമലിന്റെ ''ബ്ലീഡിംഗ്', അര്‍ച്ചന മേനോന്റെ 'വിരാഗ്' തോമസ് മത്തായിയുടെ 'അല്‍ഫി', പ്രിയംവദ നാരായണന്റെ 'ദ ബ്യൂട്ടിഫുള്‍ ട്രീ', പൂജന്‍ ഷായുടെ 'റിമംബര്‍ ദ ഡേ' തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങള്‍.
പ്രമുഖ ഇറ്റാലിയന്‍ നിരൂപകന്‍ ഗിയോന നസ്സറോ, ടിബറ്റന്‍ എഴുത്തുകാരനും ചലച്ചിത്രകാരനുമായ കെസാങ് സെറ്റന്‍, പ്രമുഖ മലയാളി ഡോക്യുമെന്ററി ചലച്ചിത്രകാരനായ എം ആര്‍ രാജന്‍, തമിഴ് സംവിധായകന്‍ വെട്രി മാരന്‍, കലാസംവിധായകനായ പ്രകാശ് മൂര്‍ത്തി, നടനും തിരക്കഥാകൃത്തുമായ അര്‍ജും രജബാലി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്.
മത്സരേതര വിഭാഗത്തില്‍ ഹ്രസ്വ-ദീര്‍ഘ ഡോക്യുമെന്ററി, ഹ്രസ്വ ഫിക്ഷന്‍ ഇനങ്ങളിലായി മൊത്തം 49 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. പ്രമുഖ സംവിധായകരായ ടി വി ചന്ദ്രന്‍, കെ പി ശശി, പ്രസന്ന രാമസ്വാമി, ഉത്പല്‍ ബോജ്പുരി, വസുദ ജോഷി, നേമം പുഷ്പരാജ്, ശ്രീമിത്ത് എന്‍, സാംബശിവ റാവു, എസ് മഞ്ചുനാഥന്‍, സഞ്ചു സുരേന്ദ്രന്‍, ദീപക് ശര്‍മ, നിഖില്‍ പാട്ടീല്‍, സനല്‍ കുമാര്‍ ശശിധരന്‍, മിലിന്ദ് ഛാ, റിസ്വാന്‍ സിദ്ദിഖി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അന്താരാഷ്ട്ര ഡോക്യുമെന്ററികളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും ഒരു പ്രത്യേക പാക്കേജ് മേളയിലെ മറ്റൊരു ആകര്‍ഷണമാണ്. ലോക പ്രശസ്ത സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വിഭാഗം, പ്രേക്ഷകര്‍ക്ക് നവ്യാനുഭൂതികളുമായി താദാത്മ്യം പ്രാപിക്കാനുള്ള അസുലഭ അവസരം പ്രദാനം ചെയ്യും.
ഡോക്യുമെന്ററി സിനിമയുടെ ഉത്ഭവവും വളര്‍ച്ചയും അനാവരണം ചെയ്യുന്ന ചരിത്ര സിനിമകളുടെ പ്രദര്‍ശനം ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവാക്കാനാവാത്ത ചലച്ചിത്രയാത്രാനുഭവമായിരിക്കും. 'നാനൂക്ക് ഓഫ് ദ നോര്‍ത്ത്', 'മാന്‍ വിത്ത് എ മൂവി ക്യാമറ', 'ദ സോംഗ് ഓഫ് സിലോണ്‍', 'സ്റ്റാച്ച്യുസ് മസ്റ്റ് ഡൈ', 'ഡയറി ഓഫ് എ പ്രഗ്നന്റ് വുമണ്‍', 'ഇന്ത്യ 67' തുടങ്ങിയ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
പ്രമുഖ ഡോക്യുമെന്ററി സൈദ്ധാന്തികനും ചലച്ചിത്രകാരനുമായ നോയല്‍ ബര്‍ച്ചിന്റെ ചിത്രങ്ങളുടെ പാക്കേജ് മേളയെ പ്രക്ഷകര്‍ക്ക് പ്രിയംകരമാക്കും. 2010 വെനീസ് ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ വെനീസ് ഹോറൈസണ്‍ പുരസ്‌കാരം നേടിയ 'ദ ഫോര്‍ഗോട്ടണ്‍ സ്‌പേസ്' ഉള്‍പ്പെടെ ബര്‍ച്ചിന്റെ ഏഴ് ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 'കറക്ഷന്‍, പ്ലീസ് ഓര്‍ ഹൗ വി ഗോട്ട് ഇന്റു പിക്‌ച്ചേഴ്‌സ'്, 'ദ ഇയര്‍ ഓഫ് ദ ബോഡിഗാര്‍ഡ്', 'റെഡ് ഹോളിവുഡ'്, 'സെന്റിമെന്റല്‍ ജേര്‍ണി', 'ക്യൂബ എന്‍ട്രെ ചീന്‍ എറ്റ് ലൗ', 'ലാ ഫിയാന്‍സി ഡു ഡേഞ്ചര്‍' എന്നിവയാണ് മേളയിലെ അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍.
മുഖ്യാതിഥിയായി എത്തുന്ന പ്രമുഖ കെനിയന്‍ സംവിധായകനും മൂന്ന് തവണ ഗ്രീന്‍ ഓസ്‌കാര്‍ ജേതാവുമായ മൈക് പാണ്ഡെ നമ്മുടെ വികസന സങ്കല്‍പങ്ങളെയും പ്രകൃതി ചൂഷണത്തെയും സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്ക് സാക്ഷിയാകും. 'ലാസ്റ്റ് മൈഗ്രേഷന്‍: വൈല്‍ഡ് എലിഫന്റ് ക്യാപ്ച്ചര്‍ ഇന്‍ സാര്‍ഗൂജ', 'വാനിഷിംഗ് ജയന്റ്', 'ഡിക്ലോഫെനറക്', ബ്രോക്കണ്‍ വിംഗ്‌സ് ആന്റ് വാനിഷിംഗ് വള്‍ച്ചേഴ്‌സ്', ടൈംലെസ് ട്രാവലര്‍: ദ ഹോഴ്‌സ്-ഷു-ക്രാബ്', 'കുറുംബാസ്: ചില്‍ഡ്രന്‍ ഓഫ് ദ 'ൂമൗണ്ടന്‍സ്', എന്നീ മൈക് പാണ്ഡെ ചിത്രങ്ങളാണ് മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ ഇന്ത്യന്‍ വനിതാവകാശ പ്രവര്‍ത്തകയും ഡോക്യുമെന്ററി സംവിധായികയുമായ ദീപ ധന്‍രാജിന്റെ ഏഴ് ചിത്രങ്ങള്‍ ഈ വിഭാഗത്തെ ശ്രദ്ധേയമാക്കും.
അന്താരാഷ്ട്ര തലത്തില്‍ ഡോക്യുമെന്ററി ചിത്രങ്ങളെ പ്രോത്സഹിപ്പിക്കുന്നതിനും അവയുടെ വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി ആരംഭിച്ച 'ഗുഡ് പിച്ചി'ന്റെ സാന്നിധ്യം ആറാമത് രാജ്യാന്തര ഡോക്യുമെന്റി മേളയ്ക്ക് പുതിയ ദിശാബോധം നല്‍കും. ഡോക്യുമെന്ററികളിലൂടെ പ്രതികരിക്കാനും പ്രതിഫലിപ്പിക്കാനും ശ്രമിക്കുന്ന പുതിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ആവിഷ്‌ക്കാരങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സാമ്പത്തിക പിന്തുണ പ്രദാനം ചെയ്യാന്‍ ഗുഡ് പിച്ചിലൂടെ മേളയ്ക്ക് സാധിക്കും. അന്താരാഷ്ട്ര സന്നദ്ധ സംഘടന പ്രതിനിധികളുടെ സാന്നിധ്യം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നവജാലകങ്ങള്‍ തുറന്നതിലൂടെ നമ്മുടെ ഡോക്യുമെന്ററി ചലച്ചിത്ര ചരിത്രത്തില്‍ തന്നെ ഗുഡ് പിച്ച് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രത്യാശിക്കാം.
Gaur in My Garden

Immoral Daughters

To Let




No comments:

Post a Comment