Friday, June 7, 2013

ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു: മുഖ്യമന്ത്രി

സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ മനസാക്ഷി ഉണര്‍ത്തുവാനും അധികാരികളുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാക്കുവാനും ഡോക്കുമെന്ററികള്‍ക്ക് കഴിയുന്നുണ്ടെന്നും സിനിമകള്‍ക്കു തൊട്ടു താഴെയാണ് ഡോക്കുമെന്ററികളുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.  ആറാമത് കേരള രാജ്യന്തര ഡോക്കുമെന്ററി ഹ്രസ്വ ചലച്ചിത്രമേള തിരുവനന്തപുരത്ത് കൈരളി തീയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 ജനശ്രദ്ധ അധികം പിടിച്ചുപറ്റാതെ പോകുന്ന ഡോക്കുമെന്ററികളും ഹ്രസ്വ ചിത്രങ്ങളും ഇത്തരം മേളകളിലൂടെ ജനങ്ങള്‍ക്കു മുന്നില്‍ അണിനിരത്താന്‍ സഹായകരമാണെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന കേന്ദ്രമന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ 1100 ല്‍പ്പരം ടിവി ചാനലുകളുണ്ടായിട്ടും ഡോക്കുമെന്ററികളെ ഒരു ചാനലും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന്  മേളയിലെ മുഖ്യാതിതിയും മൂന്നു തവണ ഗ്രീന്‍ ഓസ്‌കാര്‍ പുരസ്‌കാരജേതാവുമായ മൈക് പാണ്ഡേ പറഞ്ഞു. ഇതിനു അപവാദം ദൂരദര്‍ശന്‍ മാത്രമാണെും   ലോകത്താകമാനം ഡോക്കുമെന്ററികള്‍ ഇന്ന് ദുര്‍ഘടമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഫെസ്റ്റിവല്‍ കാറ്റ്‌ലോഗ് മൈക് പാണ്ഡേക്കും ഡെയ്‌ലി ബുള്ളറ്റിന്‍ ശശി തരൂര്‍ നോയല്‍ ബുര്‍ജിനും നല്‍കി പ്രകാശനം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, സെക്രട്ടറി കെ. മനോജ് കുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് പ്രദര്‍ശിപ്പിച്ചു.

05/07.06.2013


No comments:

Post a Comment