Friday, June 7, 2013

സാമൂഹ്യ പ്രശ്‌നങ്ങള്‍ പ്രമേയമാകുന്ന ചിത്രങ്ങള്‍

സമൂഹം  നേരിടുന്ന പ്രശ്‌നങ്ങള്‍ അതേ തീവ്രതയോടെ ചര്‍ച്ചചെയ്യുന്ന ഡോക്യുമെന്ററികളുടേയും ഹ്രസ്വചിത്രങ്ങളുടേയും പ്രദര്‍ശനത്തോടെ രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മേളയ്ക്ക് തുടക്കമായി. അടുത്തിടെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന സംഭവങ്ങളെ മറ്റൊരു തലത്തില്‍ വീക്ഷിക്കുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കിയത്. 
നിളയില്‍  ഐ ആം ഇലവന്‍ എന്ന  ചിത്രത്തോടെയായിരുന്നു മേള ആരംഭിച്ചത്. വിവിധ രാജ്യങ്ങളിലെ പതിനൊന്ന് വയസ്സ് പ്രായമായ കുട്ടികളെക്കുറിച്ചായിരുന്നു ചിത്രം. അതത് രാജ്യങ്ങളിലെ ഭാഷതന്നെയായിരുന്നു ചിത്രത്തിന്റെ ഭാഷയായും ഉപയോഗിച്ചിരുന്നത്.   മത്സരവിഭാഗത്തില്‍ 
ആദ്യ ദിവസം ആകെ പതിനൊന്ന് ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.  ഏറെ കോളിളക്ക#ം സൃഷ്ടിച്ച സൗമ്യാ വധത്തിന്റെ മറുവശം അന്വേഷിക്കുന്ന  സുധി നാരായണിന്റെ 56608  എന്ന ചിത്രം നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണോയെന്ന് ചോദിക്കുന്നു. ഷോര്‍ട്ട് ഫിക്ഷനുകളായ ആരോമല്‍ ടി.യുടെ 'ബ്ലീഡിങ്ങും' വരുണ്‍ ചൗളയുടെ 'ഫോര്‍ ഹയറും' പ്രേക്ഷക പ്രശംസ നേടി. ഡച്ച് ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ചിത്രങ്ങളും അദ്ദേഹത്തിന്റെ മോഡലുകളും തമ്മിലുള്ള ആത്മബന്ധവും ഇതിവൃത്തമാക്കിയ ചിത്രം കരഘോഷത്തോടെയാണ് നിറഞ്ഞ പ്രേക്ഷക സദസ് വരവേറ്റത്. 
ഇര്‍വിങ് സ്റ്റോണിന്റെ നോവല്‍ 'ലസ്റ്റ് ഫോര്‍ ലൈഫില്‍' നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംവിധായകന്‍ ക്യാമറയില്‍ പകര്‍ത്തിയ സൃഷ്ടി മനുഷ്യനും കലയുമായുള്ള ഇഴുകിച്ചേരലിന്റെ അനുഭവം പ്രേക്ഷകരില്‍ പകര്‍ന്നു. ജീവിതത്തിന് മറ്റൊരു മുഖമാണ് 'ഫോര്‍ ഹയര്‍' സംവദിച്ചത്. ലൈംഗിക തൊഴിലാളിയായ മായയെ എല്ലാ രാത്രികളിലും തന്റെ ഇടപാടുകാരുടെ അടുത്ത് എത്തിക്കുന്ന മുംബൈയിലെ ടാക്‌സി ഡ്രൈവറായ മുന്നയുടെ ജീവിതത്തിലെ അപ്രതീക്ഷിത അനുഭവത്തെ അവിസ്മരണീയമാക്കി.
എട്ട് ഷോര്‍ട്ട് ഡോക്കുമെന്ററികളും രണ്ട് ഷോര്‍ട്ട് ഫിക്ഷനും ഒരു ലോങ് ഡോക്കുമെന്ററിയുമാണ് മത്സരവിഭാഗത്തില്‍ ഇന്നലെ മാറ്റുരച്ചത്. ഫിലിമിങ് തിയറി വിഭാഗത്തില്‍ രണ്ടും രാജ്യാന്തര ഡോക്യുമെന്ററി വിഭാഗത്തില്‍ 15 ഉം ഡോക്കുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു.

04/07.06.2013


No comments:

Post a Comment