Tuesday, June 4, 2013

രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേള; ഫിലിം സൈദ്ധാന്തികന്‍ നോയല്‍ ബര്‍ച്ച് എത്തുന്നു


ജൂണ്‍ ഏഴുമുതല്‍ 11 വരെ തിരുവനന്തപുരത്തുനടക്കുന്ന ആറാമത് രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേളയ്ക്ക് പ്രശസ്ത ഡോക്കുമെന്ററി സൈദ്ധാന്തികനും ചലച്ചിത്രകാരനുമായ നോയല്‍ ബര്‍ച്ച് (Noeil Burch) എത്തും. ക്ലാസിക്കല്‍ സിനിമയ്ക്ക് സൈദ്ധാന്തിക മാനം നല്‍കിയ 81-കാരനായ നോയല്‍ ബുര്‍ച്ച് ഇത് ആദ്യമായാണ് കേരളത്തിലെത്തുന്നത്. അധ്യാപകനായ അദ്ദേഹം പരീക്ഷണ സിനിമകളുടെ വ്യക്താവായാണ് ഏറെ അറിയപ്പെടുന്നത്. 'തിയറി ഓഫ് ഫിലിം പ്രാക്ടീസ്' ഉള്‍പ്പെടെ ഫിലിം തിയറിയുമായി ബന്ധപ്പെട്ട പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള നോയല്‍ 18 ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഫിലിമിംങ് തിയറി വിഭാഗത്തില്‍ 2010-ലെ വെന്നീസ് ഡോക്കുമെന്ററി ഫെസ്റ്റിവലില്‍ 'വെന്നീസ് ഹൊറൈസണ്‍ അവാര്‍ഡ്' നേടിയ 'ദ ഫൊര്‍ഗോട്ടണ്‍ സ്‌പേസ്' ഉള്‍പ്പെടെ നോയല്‍ ബര്‍ച്ചിന്റെ ഏഴ് ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 'കറക്ഷന്‍ പ്ലീസ്', 'ദ ഇയര്‍ ഓഫ് ദ ബോഡീഗാര്‍ഡ്', 'റെഡ് ഹോളിവുഡ്', 'സെന്റിമെന്റല്‍ ജേര്‍ണി', 'ലാ ഫിയാന്‍സി ദു ഡയ്ഞ്ചര്‍'. 'ക്യൂബ എന്റിചിന്‍ എറ്റ് ലൗ', എന്നിവയാണ് മറ്റു പ്രദര്‍ശനചിത്രങ്ങള്‍.
ആഗോള മുതലാളിത്വ വ്യവസ്ഥിതിയെ പ്രക്ഷുബ്ദ്ധമായ കടലിനോട് ഉപമിച്ചിരിക്കുന്ന ഡോക്കുമെന്ററിയാണ് 'ദ ഫൊര്‍ഗോട്ടണ്‍ സ്‌പേസ്'. ആദ്യാന്തം വ്യത്യസ്തതയാര്‍ന്ന ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമായ ഈ ഡോക്യുമെന്ററി നോയല്‍ ബര്‍ച്ചും ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ അലന്‍ സെക്യുലയും ചേര്‍ന്നാണ് സംവിധാനം ചെയ്തത്.
സിനിമാചരിത്രത്തിലെ അഞ്ച് കാലഘട്ടത്തെ ചിത്രീകരിക്കുന്ന 10 സിനിമകളുടെ പശ്ചാത്തലം പ്രതിഫലിപ്പിക്കുകയാണ് 'കറക്ഷന്‍ പ്ലീസ്'. 1912 നവംബര്‍ 18-ന് നടന്ന വോട്ടവകാശത്തിനായുള്ള പോരാട്ടം പ്രമേയമാക്കിയ ഡോക്യു-ഡ്രാമയാണ് 'ദ ഇയര്‍ ഓഫ് ദി ബോഡിഗാര്‍ഡ്'.
പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് സിനിമകള്‍ എന്ത് രാഷ്ട്രീയ സ്വാധീനം പ്രകടമാക്കും എന്നു പ്രവചിച്ചുകൊണ്ട് 1990-ല്‍ പുറത്തിറങ്ങിയ ഡോക്കുമെന്ററിയാണ് 'റെഡ്‌ഹോളിവുഡ്'. ഹോളിവുഡിന് നഷ്ടപ്രതാപത്തെ വെളിപ്പെടുത്തുന്ന 'റെഡ് ഹോളിവുഡ്' ലിംഗ-വര്‍ഗ വിവേചനത്തെ ചോദ്യംചെയ്യുന്നു.
ഫ്രാന്‍സിലേക്ക് കുടിയേറിയ നോയല്‍ ബുര്‍ച്ചിന്റെ അമേരിക്കയിലേക്കുള്ള മടങ്ങിവരവിനെ ചിത്രീകരിച്ചിരിക്കുന്ന കഥാകഥന രീതിയിലുള്ള ഡോക്കുമെന്ററിയാണ് 'സെന്റിമെന്റല്‍ ജേര്‍ണി'. 1997-ല്‍ പുറത്തിറങ്ങിയ 'ക്യൂബ എന്റി ചിന്‍ എറ്റ് ലൗ'ഉം 2005-ല്‍ പുറത്തിറങ്ങിയ 'ലാ ഫിയാന്‍സി ദു ഡയ്ഞ്ചര്‍'ഉം ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


No comments:

Post a Comment