Thursday, June 6, 2013

ഡോക്യുമെന്ററിമേള രാജ്യാന്തര ശ്രദ്ധ നേടുന്നു


കേരളത്തിന്റെ  രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ മേളയ്ക്ക് ''ഗുഡ് പിച്ചി''ന്റെ അംഗീകാരം ആഗോളമാനം പകരുന്നു. മികച്ച ഡോക്യുമെന്ററികളുടെ അന്താര്ഷ്ട്ര വിപണനത്തിനുള്ള സംരഭമായ ''ഗുഡ് പിച്ചും'', ലോകത്തിലെ ആദ്യ ഡോക്യുമെന്ററി ചലച്ചിത്രമേള എന്ന് വിശേഷിപ്പിക്കാവുന്ന ''വിഷന്‍ ദു റീല്‍'' മായി ഉണ്ടാക്കിയിരിക്കുന്ന സഹകരണം മേളയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുമെന്ന സവിശേഷത ഇക്കൊല്ലത്തെ മേളയ്ക്കുണ്ട്.
ഡോക്യുമെന്ററി നിര്‍മാതാക്കളുടെ ആഗോള സംരംഭമായ ഗുഡ് പിച്ച്, സണ്‍ഡൈന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഡോക്യുമെന്ററി ഫിലിം പ്രോഗ്രാമിന്റെയും ബ്രിറ്റ്‌ഡോകിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡോക്യുമെന്ററികളുടെ നിര്‍മാണത്തിന് ധനസഹായം ചെയ്യലും അവയുടെ വിപണനം ആഗോളതലത്തില്‍ സാധ്യമാക്കുന്നതിനുള്ള പ്രചാരണ പരിപാടികളുമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇവര്‍ കേരളത്തില്‍ എത്തുന്നതോടെ നമ്മുടെ ഡോക്യുമെന്ററി നിര്‍മാണത്തിന് അത് പുത്തന്‍ ഉണര്‍വായി മാറും. ഗുഡ് പിച്ചിന്റെ നിശ്ചിത വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക വഴി ഡോക്യുമെന്ററികളുടെ അന്തര്‍ദേശീയ വിപണനത്തിനുള്ള സാധ്യതകള്‍ തെളിയും. ജൂണ്‍-10 ന് കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഡോക്യുമെന്ററി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സോഫി ശിവരാമനും ഐ ഡി എസ് എഫ് കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോളും ഗുഡ് പിച്ചിനെ അധികരിച്ച് പ്രസന്റേഷനുകള്‍ നടത്തും.
ലോകത്തിലെ തന്നെ ആദ്യ ഡോക്യുമെന്ററി ഫെസ്റ്റിവലായ വിഷന്‍ ദു റീലുമായുള്ള സഹകരണവും മേളയ്ക്കുണ്ട്. പ്രധാന ഡോക്യുമെന്ററി ഫെസ്റ്റിവലുകളുമായി ബന്ധം സ്ഥാപിക്കാനും അതുവഴി രാജ്യാന്തരതലത്തില്‍ ആശയവിനിമയം സജീവമാക്കാനും കേരളത്തിലെ ചലച്ചിത്രകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനും കഴിയും. ബര്‍ലിന്‍, വെനീസ്, ലൊക്കാര്‍ണോ തുടങ്ങിയ മേളകളുടെ സംഘാടകരെന്ന നിലയില്‍ പ്രശസ്തനായ മോറിറ്റ്‌സ് ദെ ഹാദെല്‍ 1969 ലാണ് വിഷന്‍ ദു റീലിന് തുടക്കം കുറിച്ചത്. വിഷന്‍ ദു റീലില്‍ നിന്നുള്ള നാല് ചിത്രങ്ങളുടെ പ്രദര്‍ശനം ഇത്തവണ സംഘടിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment