Saturday, June 8, 2013

ഹ്രസ്വ ചിത്രങ്ങള്‍ സാമൂഹിക ഇടപെടലിനുള്ള ആയുധമാണ് - പാണ്ഡെ

ഡോക്കുമെന്ററി നിര്‍മാണം ശ്രമകരമായ ദൗത്യമാണെന്ന് പ്രമുഖ സംവിധാകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ മൈക് പാണ്ഡേ അഭിപ്രായപ്പെട്ടു. ആറാമത് രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മ'ീറ്റ് ദ് ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനര്‍ഘ നിമിഷങ്ങളെ അനശ്വരമായി രേഖപ്പെടുത്തുന്നതാണ് ഡോക്കുമെന്ററികള്‍. എന്നാല്‍ സാമൂഹിക ഇടപെടലിനുള്ള ആയുധമാണ് ഹ്രസ്വചിത്രങ്ങള്‍. അവ ജനങ്ങളുടെ അവബോധനത്തിനും ശാക്തീകരണത്തിനും വഴിതെളിക്കും- പാണ്ഡെ പറഞ്ഞു.
 ഇന്ത്യന്‍ ഡോക്കുമെന്ററി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കേരളാ ചാപ്റ്റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഐ.ഡി.ബി.എ പ്രസിഡന്റുകൂടിയായ മൈക് പാണ്ഡെ അറിയിച്ചു.  കേരളത്തിലെ ഡോക്കുമെന്ററി സംവിധായകര്‍ക്ക് ഈ സംരംഭം ഏറെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച അദ്ദേഹം കേരളത്തിലെ സിംഹവാലന്‍ കുരങ്ങുകളെക്കുറിച്ച് ചിത്രം നിര്‍മിക്കണമെന്നത് തന്റെ സ്വപ്നമാണെന്നും പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ഐ.ഡി.എസ്.എഫ്.എഫ്.കെ. മറ്റു മേളകള്‍ക്ക് പ്രചോദനവും മാതൃകയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
30 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് തരിശുഭൂമിയെ കാടാക്കിമാറ്റിയ വ്യക്തിയുടെ ജീവിതം 'ദ മാന്‍ ഹു പ്ലാന്റഡ് ദ ജംഗിളി'ലൂടെ സമൂഹത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം സംവിധായകന്‍ പിയൂഷ് പാണ്ഡെ പങ്കുവെച്ചു. തന്റെ ഡോക്കുമെന്ററിയായ 'കുന്നോളം' ആവാസ വ്യവസ്ഥിതിയുടെ ഭാഗമായുള്ള കുന്നുകള്‍ നശിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധ ശബ്ദമാണെന്ന് സംവിധായകന്‍ ഡോണ്‍ ആന്റണി പറഞ്ഞു.
സംവിധായകരായ ആകാശ് അരുണ്‍, ഡബലിന, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ എന്നിവരും സന്നിഹിതരായിരുന്നു.

No comments:

Post a Comment