Saturday, June 8, 2013

പെണ്‍പാട്ടിന്റെ സ്മൃതിയുത്സവമായി 'വിമെന്‍ ഓണ്‍ റെക്കോര്‍ഡ്' ഇന്ന്

ഗ്രാമഫോണില്‍ പതിഞ്ഞ ആദ്യകാല ഇന്ത്യന്‍ ഗായികമാരുടെ പാട്ടുകള്‍ കോര്‍ത്തിണക്കി മള്‍ട്ടി മീഡിയ സംവിധാനത്തിലൂടെ പ്രശസ്ത ഗായിക വിദ്യാ ഷാ ഇന്ന് (ജൂണ്‍ 9) കൈരളി തിയേറ്ററങ്കണത്തില്‍ ഓര്‍മ്മയുടെ ആഘോഷമൊരുക്കും.

വിമെന്‍ ഓണ്‍ റെക്കോര്‍ഡ് എന്ന പേരില്‍ ശ്രദ്ധേയമായ ഈ പരിപാടി ആറാമതു രോജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മൂന്നാം രാവിനെ സംഗീതധന്യമാക്കും. കവിതയിലും സംഗീതത്തിലും പിന്നീട് നാടകങ്ങളിലും ചലച്ചിത്രങ്ങളിലും മാറ്റത്തിന് നേതൃത്വം നല്‍കിയ സ്ത്രീരത്‌നങ്ങളെ തെരയുന്ന സംരംഭമാണ് വിമെന്‍ ഓണ്‍ റെക്കോര്‍ഡ് .

പതിനഞ്ചാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഇന്ത്യയിലെത്തിയ ശബ്ദലേഖന സങ്കേതത്തില്‍ 1902 നവംബര്‍ എട്ടിന് ആദ്യമായി പതിഞ്ഞ ഗൗഹര്‍ ജാനിന്റെ 'രാഗ ജോഗിയ' എന്ന മൂന്നു മിനിട്ട് ഗാനം മുതല്‍ ജുദ്ദാന്‍ ബായ്, കേസര്‍ ബായ് തുടങ്ങിയ ആദ്യ്യപഥികരുടെയെല്ലാം ഓര്‍മസ്വരങ്ങള്‍ വിമന്‍ ഓണ്‍ റെക്കോര്‍ഡിനെ അവിസ്മരണീയമാക്കും. അവരില്‍ ചിലര്‍ താരങ്ങളായി, മറ്റു ചിലര്‍ വിസ്മൃതിയിലലിഞ്ഞു. ഇവരുടെയൊക്കെ ഭാവഗീതങ്ങള്‍, ഗസലുകള്‍, ഹയാലുകള്‍, ദാദ്രകള്‍, തുംരികള്‍, ഖവാലികള്‍, ഭജനുകള്‍ എല്ലാം ചേര്‍ന്ന ഭാരതീയ ഗാനസംസ്‌കൃതിയുടെ ലയധാരയാണ് വിദ്യാഷാ ഒരുക്കുന്നത്. 

സെന്റര്‍ ഫോര്‍ മീഡിയ ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് സ്റ്റഡീസിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ ഗുലാം അലി, ബബ്‌ലു ഖാന്‍, പ്രകാശ് ഠാക്കൂര്‍ എന്നിവരും അണിനിരക്കും.

No comments:

Post a Comment